ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

ചരിത്രാതീത കാലത്തെ മഹാശിലായുഗസംസ്ക്കാര കാലഘട്ടം മുതല്‍ ജനവാസം നിലനില്‍ക്കുന്ന പ്രദേശമാണ് കുഞ്ഞിമംഗലം. കുഞ്ഞിമംഗലത്തിന്റെ പരിസരപ്രദേശങ്ങളില്‍ ശിലായുഗാവശിഷ്ടങ്ങള്‍ ഇന്നും കാണാം. ഒരു കാലത്ത് ഏഴിമല രാജ്യത്തില്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. പിന്നീട് കോലത്തിരിയുടെ കീഴിലായി. കേരളോല്‍പ്പത്തിയില്‍ പറയുന്ന 32 തുളുഗ്രാമങ്ങളിലൊന്ന് കുഞ്ഞിമംഗലമാണ്. കുഞ്ഞാങ്ങലം (കുഞ്ഞിമംഗലം) ഇല്ലക്കാരായിരുന്നുവത്രേ ഒരു കാലത്ത് ഈ പ്രദേശത്തെ ഭരണാധികാരികള്‍. ഈ ഇല്ലത്തെപ്പറ്റി പറഞ്ഞുകേള്‍ക്കുന്ന ഒരു ഐതിഹ്യമുണ്ട്. ഒരുനാള്‍ പിതൃക്കള്‍ക്ക് പിണ്ഡം വയ്ക്കാനായി ഈ ഇല്ലത്തെ അമ്മയും മകനും കാവേരിയിലേക്ക് പോയിമടങ്ങുന്നതിനിടയില്‍ ചിറയ്ക്കല്‍ നാടുവാഴി കുഞ്ഞാങ്ങലം കീഴടക്കി കൊടി പാറിച്ചിരിക്കുതായി കണ്ടു, അമ്മയും മകനും തീയില്‍ചാടി ആത്മഹത്യ ചെയ്തുവത്രെ. തുടര്‍ന്ന് കോവിലകത്ത് ദുര്‍നിമിത്തങ്ങള്‍ കണ്ടുതുടങ്ങിയതിനെ തുടര്‍ന്നു പ്രശ്നചിന്ത നടത്തിയപ്പോള്‍, അമ്മ ഉഗ്രമൂര്‍ത്തിയായ ദേവിയായ വീരചാമുണ്ഡിയായി മാറിയെന്നും മകന്‍ വീരന്‍ ദൈവമായെന്നും ജ്യോത്സ്യര്‍ പറഞ്ഞതോടെ ചിറയ്ക്കല്‍ നാടുവാഴി വീരചാമുണ്ഡിയെ ആരാധിക്കുന്നതിനായി കുഞ്ഞിമംഗലം മേലോം പണികഴിപ്പിച്ചു. കുഞ്ഞിമംഗലം എന്ന വീട്ടുപേര് പില്‍ക്കാലത്തു നാട്ടുപേരായി. പരണരും അഴിശ്ശിയും വര്‍ണ്ണിച്ച സമ്പല്‍സമൃദ്ധമായ ഏഴിമല രാജ്യത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് കുഞ്ഞിമംഗലം. കുന്നരു, രാമന്തളി പ്രദേശങ്ങള്‍ കുഞ്ഞിമംഗലത്തോട് തൊട്ടുകിടക്കുന്ന പ്രദേശങ്ങളായിരുന്നു. ഭൂതാരാധന, നാഗാരാധന, വൃക്ഷാരാധന, ഊര്‍വ്വാരാധന തുടങ്ങിയ പല ആരാധനാനുഷ്ഠാനങ്ങളും ഇവിടെ നിലനില്‍ക്കുന്നു. വൈദികവും ദ്രാവിഡവുമായ സാംസ്കാരികാംശങ്ങള്‍ ഇവിടുത്തെ സംസ്കാരത്തില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു. നാടുവാഴിയുടെ അതിക്രമങ്ങള്‍ക്കെതിരെ തീജ്വാലയായി മാറി, നാടുവാഴിയെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിച്ച കുഞ്ഞിമംഗലത്തമ്മയാണ് ഈ നാടിന്റെ പരദേവത. പരശുരാമന്റെ തൃക്കൈ കൊണ്ടുതന്നെ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് തൃപ്പാണിക്കര ശിവക്ഷേത്രമെന്നാണ് മറ്റൊരു ഐതിഹ്യം. കുഞ്ഞിമംഗലത്താറാട്ട് ഒരു കാലത്ത് ഇവിടുത്തെ പ്രധാന ഉത്സവമായിരുന്നു. ഗ്രാമത്തിന്റെ വടക്കേയറ്റത്ത്, എടാട്ട് നാഷണല്‍ ഹൈവേയോടു ചേര്‍ന്ന്, തകര്‍ന്ന ഒരു അമ്പലത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കാണാം. പല തെയ്യങ്ങളുടെയും തോറ്റംപാട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന എടാട്ട് അമ്പലമാണത്. ഇവിടെ കാണുന്ന ചുമടുതാങ്ങികല്ലുകളും തണ്ണീര്‍പന്തലും മണ്‍മറഞ്ഞ ഒരു പഴയ സംസ്കൃതിയുടെ സ്മരണ ഉണര്‍ത്തുന്നു. പെരുംകളിയാട്ടം നടക്കുന്ന സ്ഥലമാണ് എറാട്ട് തിരുവക്കാട് ഭഗവതി ക്ഷേത്രം. എടാട്ട് കണങ്ങാട്ട്, എടാട്ട് നാഗം, നെയ്യമൃത് മഠം, എഴുത്തട് മുതലായവ ഉള്‍ക്കൊള്ളുന്ന ഒരു ക്ഷേത്രസമുച്ചയം ഈ കാവിനോടനുബന്ധിച്ചുണ്ട്. കൃഷിയും, കന്നുകാലിവളര്‍ത്തലുമാണ് ഇവിടുത്തെ മുഖ്യ പരമ്പരാഗതതൊഴില്‍. കുഞ്ഞിമംഗലത്തെ ആദ്യകാല വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായിരുന്നു എടാട്ടെ എഴുത്തൂട്ട്്. ഈ ഗ്രാമത്തിലെ ഓരോ പഴയ തറവാട്ടിലെയും കണി കൊട്ടിലില്‍ കുടുംബപരദേവതയ്ക്കു സ്ഥാനം നിശ്ചയിച്ചിരുന്നു. പിന്നീട് തറവാട് വിഭജിക്കുമ്പോള്‍ വിവിധ തായ്വഴികളില്‍പെട്ടവര്‍ യോജിച്ച്, ഒരിടത്തുതന്നെ പള്ളിയറ നിര്‍മ്മിക്കുന്നു. ഇത്തരത്തിലുള്ള ചെറുപള്ളിയറകളും തറവാടുകളും ഇവിടെ ധാരാളമുണ്ട്. മല്ലിയോട്ട്-പാലോട്ട് കാവിലെ വിഷുവിളക്കു മഹോത്സവം കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ആകെ ഉത്സവമാണ്. ശ്രീമാനമംഗലം വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ കോല്‍ക്കളി എടുത്തുപറയാവുന്ന ഒരു കലാവിശേഷമാണ്. ഓടു കൊണ്ടും പഞ്ചലോഹം കൊണ്ടും ശില്പവേല ചെയ്യുന്നതില്‍ കുഞ്ഞിമംഗലത്തെ ശില്പികള്‍ പ്രസിദ്ധരാണ്. ഒരുകാലത്ത് പഴയചിറയ്ക്കല്‍ താലൂക്കിലാകെ അറിയപ്പെട്ടിരുന്ന ദാരുശില്പികളും ഇരുമ്പുപണിക്കാരും ഈ ഗ്രാമത്തിലുണ്ടായിരുന്നു. ഒരുകാലത്ത് ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളിലും കാവുകളിലും ദേവീദേവ വിഗ്രഹങ്ങള്‍ക്കു ചായം കൊടുത്ത് ചൈതന്യപ്പെടുത്തിയിരുന്നത് കുഞ്ഞിമംഗലത്തെ ക്ടാരന്മാരായിരുന്നു. മഴയെയും വെയിലിനെയും അതിജീവിച്ചുകൊണ്ട് ഇത്രയും കാലം തെളിമയോടെ നില്‍ക്കുന്നത് ഇവരുടെ പരമ്പരാഗതചായക്കൂട്ടുകളുടെ മേന്മ കൊണ്ടാണ്. അടുത്തിലക്കും, പയ്യന്നൂരിനും ഇടയ്ക്കുള്ള വസ്ത്ര നിര്‍മ്മാണകേന്ദ്രമാണ് കുഞ്ഞിമംഗലം തെരുവ്. കുഞ്ഞിമംഗലത്തും പരിസരപ്രദേശങ്ങളിലും ആവശ്യമായ വസ്ത്രങ്ങളില്‍ ഭൂരിഭാഗവും ഉല്‍പ്പാദിപ്പിച്ചിരുന്നത് ഒരു കാലത്ത് ഇവിടെനിന്നായിരുന്നു. സജീവമായി ഇന്നും ഇവിടെ നിലനില്‍ക്കുന്ന പ്രാചീന കലാരൂപം തെയ്യമാണ്. ഒരു കാലത്ത് തെരുവിലെ നെയ്ത്തുകാര്‍ക്കും വടക്കന്‍ കൊവ്വലിലെ ഓടുവാര്‍പ്പുകാര്‍ക്കും അവരവരുടെ തൊഴിലിനാവശ്യമായ അസംസ്കൃത സാധനങ്ങള്‍ എത്തിച്ചുകൊടുത്തതും, അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്പനക്ക് വാങ്ങിപ്പോയിരുന്നതും കുഞ്ഞിമംഗലത്തെ മുസ്ളീങ്ങളായിരുന്നു. കുഞ്ഞിമംഗലത്തെ മുസ്ളീം പള്ളിക്ക് വേണ്ട സ്ഥലം സൌജന്യമായി നല്‍കിയത് കൊളങ്ങറത്ത് വീട്ടുകാരായിരുന്നുവത്രെ. ഒരു കാലത്ത് സ്വയംസമ്പൂര്‍ണ്ണ ഗ്രാമമായിരുന്നു കുഞ്ഞിമംഗലം. ജാതി, ജന്മി, നാടുവാഴി, മേധാവിത്തം എന്നിവ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇവിടെ കൊടികുത്തിവാഴുകയായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ അലയൊലികള്‍ കുഞ്ഞിമംഗലത്തെയും ഉണര്‍ത്തി. ഉത്തര മലബാറിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായ വിഷ്ണുഭാരതീയനും, കെ.എ.കേരളീയനും ഈ ഗ്രാമത്തിന്റെ വീര സന്താനങ്ങളാണ്. കുഞ്ഞിമംഗലം ഖിലാഫത്തുകമ്മറ്റിയുടെ സെക്രട്ടറി വിഷ്ണുഭാരതീയനായിരുന്നു. 1916-ലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം കുഞ്ഞിമംഗലത്തും അനുരണനങ്ങള്‍ സൃഷ്ടിച്ചു. അക്കാലത്ത് കുഞ്ഞിമംഗലത്തും ക്ഷേത്രപ്രവേശന വിളംബരയോഗം നടന്നിരുന്നു. സ്വാമി ആനന്ദതീര്‍ത്ഥന്റെ പ്രവര്‍ത്തനരംഗം കൂടിയായിരുന്നു കുഞ്ഞിമംഗലം. സര്‍വ്വോദയപ്രസ്ഥാനത്തിന്റെ സന്ദേശവുമായി ജയപ്രകാശ് നാരായണന്‍ കേരളത്തില്‍ വന്നപ്പോള്‍ കുഞ്ഞിമംഗലത്തും വന്നിട്ടുണ്ട്. കൂടെ പ്രഭാവതി ദേവിയുമുണ്ടായിരുന്നു. ഇന്നത്തെ കുഞ്ഞിമംഗലം ഗവ.ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തായിരുന്നു അന്ന് യോഗം നടന്നത്. 1944-45 കാലത്ത് കള്ളപ്പറ തുടങ്ങിയ ജന്മിത്തത്തിന്റെ അക്രമപിരിവുകള്‍ക്കെതിരായ പ്രക്ഷോഭം കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കുഞ്ഞിമംഗലത്തും നടക്കുകയുണ്ടായി. 1951-ല്‍ ആദ്യത്തെ വിദ്യാര്‍ത്ഥിസമരം ഗോപാല്‍ യു.പി.സ്കൂളില്‍ നടന്നു. 1954-ല്‍ മറുപാട്ടം പൊളിച്ചെഴുത്തിനെതിരെയും കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകനെ ഒഴിപ്പിക്കുന്നതിനെതിരെയുമുള്ള സമരം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും കര്‍ഷകസംഘത്തിന്റെയും നേതൃത്വത്തില്‍ നടന്നു. കര്‍ഷകത്തൊഴിലാളി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 1970 ജനുവരി ഒന്നാം തീയതി നടന്ന കുടികിടപ്പുസമരം എടുത്തുപറയത്തക്കതാണ്. കുഞ്ഞിമംഗലത്തെ ജനമുന്നറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മറ്റൊരു വ്യക്തി ടി.പി. അബ്ദുള്‍ ഖാദറാണ്. ജന്മിത്വത്തിനെതിരായ അതിരൂക്ഷമായ സമരം സ്വാതന്ത്യ്രത്തിനു ശേഷവും തുടര്‍ന്നു. ക്രമേണ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും യുവജന പ്രസ്ഥാനങ്ങളും രൂപം കൊണ്ടു. 1957 മുതല്‍ 1971 വരെയുള്ള കാലങ്ങളില്‍ വിവിധ ഭൂപരിഷ്ക്കരണനിയമങ്ങള്‍ രൂപം കൊണ്ടു. ഭൂപരിഷ്ക്കരണം നാടിന്റെ മുഖഛായ മാറ്റി. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ട, ബോര്‍ഡ് ഹിന്ദു എലിമെന്ററി സ്കൂള്‍ (ഇന്നത്തെ ഗവ. സെന്‍ട്രല്‍ യു.പി.സ്കൂള്‍), ഗവ.എല്‍.പി.സ്കൂള്‍, ഗോപാല്‍ യു.പി.സ്കൂള്‍, പിലാങ്കു മാസ്റ്ററുടെയും മകന്‍ രാഘവന്‍ മാസ്റ്ററുടെയും നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട എടനാട് വെസ്റ്റ് എല്‍.പി.സ്കൂള്‍, കുതിരുമ്മല്‍ കോരന്‍ മാസ്റ്റര്‍ സ്ഥാപിച്ച എടനാട് ഈസ്റ്റ് എല്‍.പി.സ്കൂള്‍, വി.വി. ചിണ്ടന്‍ കുട്ടി നായനാരുടെ നേതൃത്വത്തില്‍  സ്ഥാപിക്കപ്പെട്ട എടനാട് യു.പി.സ്കൂള്‍ എന്നീ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ നാടിനെ പുരോഗതിയിലേക്കു നയിച്ചു. തുടര്‍ന്നുള്ള കാലത്ത് കുഞ്ഞിമംഗലം ഗവ.ഹൈസ്കൂളും പയ്യന്നൂര്‍ കോളേജും സ്ഥാപിതമായി. കുഞ്ഞിമംഗലത്തിന്റെ ഭൂരിഭാഗം പ്രദേശത്തും നെല്ല്, തെങ്ങ് എന്നിവ പ്രധാനമായും കൃഷി ചെയ്തുവരുന്നു. കുറ്റിക്കാടുകളും വിശാലമായ പുല്‍മേടുകളും ഉള്ള വടക്കുകിഴക്കുഭാഗം, തെങ്ങും മാവും പ്ളാവും  മറ്റു മരങ്ങളും നിറഞ്ഞ പറമ്പുകള്‍, വളരെ വിസ്തൃതമായ നെല്‍പ്പാടങ്ങള്‍ ഇതായിരുന്നു കുഞ്ഞിമംഗലം ഗ്രാമത്തിന്റെ പഴയ മുഖം. നെല്ല്, തെങ്ങ്, കുരുമുളക്, എന്നിവയായിരുന്നു പ്രധാന കൃഷികള്‍. പാടങ്ങള്‍ ഭൂരിഭാഗവും ഇരിപ്പൂ നിലങ്ങളായിരുന്നു. ഒറ്റ വിളയെടുക്കുന്ന വയലുകളില്‍ കൊയ്ത്തിനു ശേഷം ഉഴുന്ന്, മുതിര, പയര്‍, എന്നീ ധാന്യങ്ങളും മധുരകിഴങ്ങും പച്ചക്കറിയും ചിലയിടങ്ങളില്‍ വാഴയും കൃഷിചെയ്തിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളോടെ തന്നെ ഇവിടെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ വേരൂന്നിത്തുടങ്ങി. ശ്രീനാരായണപ്രസ്ഥാനത്തിന്റെയും ചട്ടമ്പിസ്വാമികളുടെയും സംഭാവനകള്‍ അക്കാര്യത്തില്‍ വലിയ പങ്കു വഹിച്ചു. ക്രിസ്തീയമിഷനറിമാര്‍ ഇവിടുത്തെ വിദ്യാഭ്യാസരംഗത്തിനു  നല്‍കിയ സംഭാവന നിസ്തുലമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ അയിത്തോച്ചാടനം, മദ്യവര്‍ജ്ജനം, വിദേശവസ്ത്ര ബഹിഷ്ക്കരണം എന്നിവ ഈ ഗ്രാമത്തെയും ഉണര്‍ത്തി. 1952-ല്‍ ചൂരക്കാട് ചവണിയന്‍ സംഭാവന ചെയ്ത രണ്ടു സെന്റ് സ്ഥലത്ത് എടനാട് മഹാത്മാ വായനശാല ജന്മംകൊണ്ടു. 1952-ല്‍ തന്നെ വി.ആര്‍.നായനാര്‍ സ്മാരക വായനശാല കണ്ടംകുളങ്ങരയില്‍ സ്ഥാപിക്കപ്പെട്ടു. 1978-ല്‍ തമ്പാന്‍ വൈദ്യര്‍ സ്മാരകവായനശാല തെക്കുംമ്പാട്ട് നിലവില്‍ വന്നു. വായനശാലകളെയും ഗ്രന്ഥശാലകളെയും കേന്ദ്രീകരിച്ച് കലാസമിതികളും കായികസമിതികളും രൂപം കൊണ്ടു.